ലബനൻ: ഇറാൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ, തെക്കൻ ലബനനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ മുന്നോട്ട് പോകുകയാണ്. അതിർത്തി മേഖലയിലെ മുഴുവൻ ഗ്രാമങ്ങളും ഇസ്രയേൽ സൈന്യം തകർത്തെറിയുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലെ വീടുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ശേഷം റിമോർട്ട് കൺട്രോൾ വഴി അവ തകർക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തെക്കൻ ലബനനിലെ ടൈബെ, നാഖൗറ, ഡീർ സെറിയൻ തുടങ്ങിയ പുരാതന ഗ്രാമങ്ങളിലാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. ഗാസയിലും റഫയിലും നടപ്പിലാക്കിയതിന് സമാനമായി, തങ്ങൾക്ക് ഭീഷണിയുയർത്തുന്ന മേഖലകളെ പൂർണ്ണമായും ഇല്ലാതാക്കണമെന്ന പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ നീക്കമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.
ലിത്താനി നദി വരെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ മേഖല സ്ഥാപിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. എന്നാൽ ഏഴായിരത്തിലധികം വർഷം പഴക്കമുള്ള ഗ്രാമങ്ങളെ പോലും ഇത്തരത്തിൽ തുടച്ചുനീക്കുന്നത് കടുത്ത യുദ്ധക്കുറ്റമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു. ഇസ്രയേൽ പുറത്തുവിട്ട സ്ഫോടന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഏതൊരു തെറ്റായ നീക്കവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Israel Attacks Lebanon



