ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ടെഹ്റാനും തമ്മിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ മധ്യപൂർവദേശത്തുനിന്ന്, പ്രത്യേകിച്ച് ഇറാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ അപകടകരമായ രാജ്യമാണെന്നാണ് ഇതിന് കാരണമായി ട്രംപ് വിശദീകരിച്ചത്. അതിനിടെ കുവൈറ്റ്, യുഎഇ ഉൾപ്പെടെയുള്ള മധ്യപൂർവ രാജ്യങ്ങളിൽനിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും യുഎസ് തീരുമാനിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാർ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. കരാർ യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.



