തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ മോണാലിസയും മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ പെൺകുട്ടിയുടെ പ്രായത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ തർക്കം മുറുകുകയാണ്. കഴിഞ്ഞദിവസം നെയ്യാറ്റിൻകര അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിന് പിന്നാലെയാണ് മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണം ഉയർന്നത്.
ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാൻ ഖാനും വിവാഹിതരായത്. പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. തുടർന്ന് പോലീസ് സംരക്ഷണയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’ എന്ന പേരിൽ വിവാഹ വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് പ്രായം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.
കഴിഞ്ഞ വർഷം കുംഭമേളയിൽ മാല വിൽക്കുന്നതിനിടെ വൈറലായപ്പോൾ മോണാലിസയ്ക്ക് 16 വയസ്സായിരുന്നുവെന്നും അതനുസരിച്ച് ഇപ്പോൾ 17 വയസ്സേ ഉണ്ടാകൂ എന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ മോണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പോലീസ് അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായെന്നും ആധാർ കാർഡിലും ജനന സർട്ടിഫിക്കറ്റിലും 18 വയസ്സ് കഴിഞ്ഞിട്ടുണ്ടെന്നും തെളിവ് കാണിച്ച് ദമ്പതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Is Mona Lisa 17? Age controversy on social media; Couple offers explanation



