ബാരി നഗരത്തിൽ ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതിനാൽ താൽക്കാലിക കൂടാരങ്ങൾ (tents) പെരുകുന്നു. നഗരത്തിലെ നടപ്പാതകളിലും മറ്റു പൊതു ഇടങ്ങളിലും കൂടാരങ്ങൾ നിരന്നത് താമസക്കാർക്കിടയിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അധികാരികൾ. അടുത്തിടെ ആൻ, ജോൺ, വിക്ടോറിയ സ്ട്രീറ്റുകളിലുണ്ടായിരുന്ന ഒരു വലിയ ഭവനരഹിതരുടെ ക്യാമ്പ് അടച്ചുപൂട്ടിയതോടെയാണ് പുതിയ പ്രതിസന്ധി ആരംഭിച്ചത്.
അവിടെ താമസിച്ചിരുന്ന ഡസൻ കണക്കിന് ആളുകൾക്ക് വാസസ്ഥലം നഷ്ടമായി. ഇതിനുശേഷം, അവർ മൾകാസ്റ്റർ സ്ട്രീറ്റ് ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു. ബസ്ബി സെന്ററിന് സമീപമുള്ള നടപ്പാതകളിൽ ഇപ്പോൾ കൂടാരങ്ങൾ നിറഞ്ഞിരിക്കുകയാണ്. കൂടാരങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ച് ബാരി മേയർ അലക്സ് നട്ടാൽ പറഞ്ഞത്, “നിങ്ങൾക്ക് സഹായം വേണമെങ്കിൽ ബാരി അതിനുള്ള നല്ലൊരിടമാണ്. എന്നാൽ തെരുവുകളിൽ ജീവിക്കാനും ലഹരിക്ക് അടിമപ്പെടാനും ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റിയ സ്ഥലമല്ല,” എന്നാണ്.

എന്നാൽ, ജോൺ ഹോവാർഡ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെയ്‌ലി മർഡോക്ക്-ഫൈക്ക് ഇതിനെ എതിർക്കുന്നു. “സുരക്ഷിതവും താങ്ങാനാവുന്നതുമായ വീടുകളുടെയും മതിയായ സാമൂഹിക പിന്തുണയുടെയും അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. കൂടാരങ്ങൾ നീക്കം ചെയ്യുന്നത് ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കില്ല. പകരം അത് ദാരിദ്ര്യം, ദുരന്തം, നിയമപരമായ പ്രശ്നങ്ങൾ എന്നിവ വർധിപ്പിക്കുകയേയുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.
ഭവനരഹിതർക്കായി സിംകോ കൗണ്ടി രണ്ട് താൽക്കാലിക അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ടിഫിൻ സ്ട്രീറ്റിലും സ്പെർലിംഗ് ഡ്രൈവിലുമാണ് ഇവ പ്രവർത്തിക്കുന്നത്. ഇവിടെ ഉറങ്ങാൻ കിടക്കകളില്ലെങ്കിലും മറ്റ് സേവനങ്ങളും സഹായങ്ങളും ലഭ്യമാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാരിന്റെ എല്ലാ തലങ്ങളിലും സഹകരണവും പുതിയ സമീപനങ്ങളും ആവശ്യമാണെന്ന് യുണൈറ്റഡ് വേയുടെ ബ്രയാൻ ഷെല്ലി പറഞ്ഞു. ഭവനരഹിതരാകാൻ സാധ്യതയുള്ളവർക്ക് പലിശയില്ലാത്ത വായ്പ നൽകുന്ന ഒരു പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അതേസമയം, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് അധികാരികൾ പറയുന്നു. 40 യൂണിറ്റുകളുള്ള ഒരു താത്കാലിക ഭവന പദ്ധതി ബാരിയിൽ ഉടൻ എത്തുമെന്ന് ഭവന-ഭവനരഹിത സേവന ഡയറക്ടർ ആൻഡ്രൂ സ്കാവെല്ലി അറിയിച്ചു.
എന്നാൽ, ദീർഘകാലത്തേക്ക് സുരക്ഷിതമായ ഭവനങ്ങൾ ഒരുക്കുക എന്നതാണ് പ്രധാനമെന്നും, അതിന് വലിയ സർക്കാർ നിക്ഷേപം ആവശ്യമാണെന്നും ഗിൽബർട്ട് സെന്ററിലെ കീനൻ അയ്‌ൽവിൻ അഭിപ്രായപ്പെട്ടു. മുൻ ക്യാമ്പ് സ്ഥലത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന് ലക്ഷക്കണക്കിന് ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Is Bari becoming a city of the homeless?; The streets are filled with tents..



