അയർലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കില്ലാർണി നാഷണൽ പാർക്കിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ രഞ്ജു റോസ് കുര്യൻ (40) ആണ് മരിച്ചത്. കൗണ്ടി കോർക്കിലെ ബാൻഡനിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു അദ്ദേഹം. രഞ്ജുവിനെ രണ്ട് ദിവസമായി കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം തുടർ നടപടികൾക്കായി കില്ലാർണി ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് സ്വദേശിനിയും നഴ്സുമായ ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. ക്രിസ്, ഫെലിക്സ് എന്നിവർ മക്കളാണ്. 2016-ന് ശേഷമാണ് രഞ്ജു കുടുംബസമേതം അയർലൻഡിലെത്തിയത്.
അയർലൻഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രഞ്ജു, അയർലൻഡിൽ എത്തുന്നതിന് മുൻപ് സിറോ മലബാർ സഭയുടെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. നാട്ടിലും അയർലൻഡിലും സുപരിചിതനായ രഞ്ജുവിന്റെ മരണം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
rish Malayali death in Killarney National Park…
malayali found dead in ireland



