ടെൽ അവീവ്: ശനിയാഴ്ച ഇറാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക മേധാവിമാരിൽ ഒരാളായ പാക്പൂർ കൊല്ലപ്പെട്ടത് പശ്ചിമേഷ്യയിൽ വലിയ യുദ്ധസൂചനകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെത്തുടർന്ന് ഐആർജിസിയുടെ ചുമതലയേറ്റ പാക്പൂർ, 260 ദിവസമായി ഈ പദവിയിൽ തുടരുകയായിരുന്നു.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊട്ടാരം പൂർണ്ണമായും തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. ഇറാനിലെ ജനകീയ പ്രക്ഷോഭകർക്കെതിരെ നടന്ന അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകിയവരെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സൈന്യം മുമ്പെങ്ങുമില്ലാത്തവിധം സജ്ജമാണെന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടാകരുതെന്നും കഴിഞ്ഞ ജനുവരിയിൽ മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പാക്പൂരിന്റെ വധവും ഔദ്യോഗിക വസതികൾക്ക് നേരെയുള്ള ആക്രമണവും ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇറാനിലെ പ്രധാന നഗരങ്ങളിൽ കടുത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Israel's lightning strike shakes Iran: IRGC commander Mohammad Pakpour killed



