ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനയി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ ഖമേനയിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇറാൻ ഭരണകൂടത്തെയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും അടിമുടി ഉലയ്ക്കുന്ന ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരണവുമായി രംഗത്തെത്തി. ഖമേനയിക്കൊപ്പം റവലൂഷനറി ഗാർഡ് കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഖമേനയിയുടെ അന്ത്യം സ്ഥിരീകരിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ച വാക്കുകൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. “ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരിൽ ഒരാൾ മരിച്ചു” എന്നാണ് ട്രംപ് കുറിച്ചത്. ഖമേനയിയുടെയും ഇറാന്റെയും രക്തദാഹത്തിനിടെ ജീവൻ നഷ്ടമായ അമേരിക്കക്കാർക്കും മറ്റ് ലോകരാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ട്രാക്കിംഗ് സംവിധാനങ്ങളുടെയും കരുത്തിന് മുന്നിൽ ഖമേനയിക്ക് പിടിച്ചുനിൽക്കാനായില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ സൈനിക, പോലീസ് വിഭാഗങ്ങൾ ഒടുവിൽ സമാധാനത്തിന്റെ പാത സ്വീകരിച്ചതായാണ് ട്രംപിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത്. അമേരിക്കയുമായി യുദ്ധത്തിന് താല്പര്യമില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇറാൻ സൈന്യത്തിലെ ഒരു വിഭാഗം തങ്ങളെ അറിയിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ ജനങ്ങൾക്ക് തങ്ങളുടെ രാജ്യം വീണ്ടെടുക്കാനുള്ള അസുലഭ അവസരമാണിതെന്നും, സൈന്യം ഒടുവിൽ ദേശസ്‌നേഹികൾക്കൊപ്പം നിന്നതായും അദ്ദേഹം അവകാശപ്പെട്ടു. മധ്യപൂർവദേശത്ത് പൂർണ്ണമായ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഖമേനയി ജീവനോടെയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഔദ്യോഗികമായി അറിയിച്ചു. ഖമേനയിയുടെ ഉറ്റ അനുയായികളും സൈനിക തലപ്പത്തുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. നിലവിൽ ഇറാനിലെ ആഭ്യന്തര സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്. പരമോന്നത നേതാവിന്റെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്ത് വലിയ മാറ്റങ്ങൾക്കും ഭരണകൂടത്തിന്റെ പതനത്തിനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വരും മണിക്കൂറുകളിൽ ഇറാൻ ഔദ്യോഗിക വക്താക്കളുടെ പ്രതികരണത്തിനായി ലോകം ഉറ്റുനോക്കുകയാണ്.
/irans-supreme-leader-ali-khamenei-killed-senior-israeli-official-says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



