ടെഹ്റാൻ: ഇറാന്റെ സുരക്ഷാ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന മുതിർന്ന മേധാവി അലി ലാരിജാനി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സാണ് അലി ലാരിജാനി കൊല്ലപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഘർഷം ആരംഭിച്ച ശേഷം ഇറാൻ നേതൃത്വത്തിന് ഏൽക്കുന്ന വലിയ ആഘാതമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ മറ്റൊരു ഉന്നത കമാൻഡറായ ഘോലംരേസ സുലൈമാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി കരുതപ്പെട്ടിരുന്ന മൊജ്തബ ഖമേനിയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണെന്ന് സൂചനയുണ്ട്. ഇതോടെ ഇറാന്റെ ഭരണനേതൃത്വത്തിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ലാരിജാനിയുടെ നേതൃത്വത്തിലുള്ള ട്രാൻസിഷൻ കൗൺസിൽ രൂപീകരിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.
ഇറാന്റെ ആണവ ചർച്ചകൾക്ക് വർഷങ്ങളോളം നേതൃത്വം നൽകിയ ലാരിജാനി, ഖമേനിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയായാണ് അറിയപ്പെട്ടിരുന്നത്. ഇറാഖിലെ നജാഫിൽ ജനിച്ച അദ്ദേഹം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സാംസ്കാരിക മന്ത്രിയായും പാർലമെന്റ് സ്പീക്കറായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാരിജാനിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക അടുത്തിടെ 90 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ലാരിജാനിയുടെ മരണം ഇറാന്റെ ഭാവി നീക്കങ്ങളെ കാര്യമായി ബാധിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Israeli airstrike: Iran's security chief Ali Larijani killed



