അബുദാബി: അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചതിനെത്തുടർന്നാണ് പരിക്കേറ്റതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് അബുദാബിയിലെ രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് (KIZAD) പരിസരത്താണ് തീപിടിത്തമുണ്ടായതെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെ ഉണ്ടായ ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായി. തീ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേനകൾ മണിക്കൂറുകളോളം പരിശ്രമിച്ചു. സംഭവസ്ഥലം സന്ദർശിച്ച കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ്, നാശനഷ്ടങ്ങൾ വിലയിരുത്തുകയും അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനുമുമ്പ് പാസഞ്ചർ ടെർമിനലിന് നേരെ ഡ്രോൺ ആക്രമണവും ഉണ്ടായിരുന്നു.
തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ധന ടാങ്കുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിച്ച് സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളം പ്രവർത്തനരഹിതമായതോടെ കുവൈത്തിൽ നിന്നുള്ള ജസീറ എയർവേസ് തങ്ങളുടെ പ്രവർത്തനങ്ങൾ സൗദി അറേബ്യയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ റോഡ് മാർഗ്ഗം സൗദിയിലെത്തി അവിടെ നിന്നാണ് വിമാനയാത്രകൾ തുടരുന്നത്.
മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഗതാഗത-സാമ്പത്തിക മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മൂന്ന് തവണയാണ് കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി എംബസി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
Iran’s missile attack on Abu Dhabi; Five Indians injured, damage reported in Kuwait
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



