ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ യുഎസ്-യുകെ സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഡീഗോ ഗാർസിയ സൈനിക താവളത്തിന് നേരെ രണ്ട് ഇടത്തരം പരിധിയിലുള്ള മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ തകർക്കപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ പക്കലുള്ള മിസൈലുകളുടെ പ്രഹരശേഷി സംബന്ധിച്ച മുൻകാല കണക്കുകൂട്ടലുകളെ തിരുത്തുന്നതാണ് പുതിയ നീക്കമെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് പകുതിവഴിയിൽ പരാജയപ്പെടുകയും രണ്ടാമത്തേത് യുഎസ് യുദ്ധക്കപ്പലിൽ നിന്നുള്ള എസ്എം-3 ഇന്റർസെപ്റ്റർ ഉപയോഗിച്ച് വെടിവെച്ചിടുകയും ചെയ്തതായാണ് സൂചന. ഇറാന്റെ ഔദ്യോഗിക പരിധിയായി കരുതപ്പെട്ടിരുന്ന 2,000 കിലോമീറ്ററിന് പകരം 4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ആക്രമണശ്രമം നടന്നു എന്നത് ഗൗരവകരമായാണ് അമേരിക്ക കാണുന്നത്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പടിഞ്ഞാറൻ രാജ്യങ്ങളുടെ താവളങ്ങൾ സുരക്ഷിതമല്ലെന്ന രാഷ്ട്രീയ സന്ദേശം നൽകാനാണ് ഇറാൻ ഇതിലൂടെ ശ്രമിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും നാവികസേനയെയും വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിൽ ബ്രിട്ടനും ആശങ്ക രേഖപ്പെടുത്തി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran's missile attack attempt on Diego Garcia; US defends itself



