ഇസ്രയേലുമായി സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയിൽ. ടെഹ്റാനിൽ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഷിയാ മുസ്ലീങ്ങളുടെ ഒരു പ്രധാന ആഘോഷമായ ആഷുറയുടെ തലേന്ന് നടന്ന ചടങ്ങിൽ സെൻട്രൽ ടെഹ്റാനിലെ ഇമാം ഖൊമേനി പള്ളിയിൽ ഖമേനി ആരാധകരെ അഭിവാദ്യം ചെയ്യുന്നത് സ്റ്റേറ്റ് മീഡിയ പ്രക്ഷേപണം ചെയ്തു. കറുത്ത വസ്ത്രം ധരിച്ച് അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെട്ടു, ജനക്കൂട്ടം മുഷ്ടി ചുരുട്ടി ‘ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്!’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കി.
ജൂൺ 13-ന് യുദ്ധം ആരംഭിച്ചതിന് ശേഷം പരമോന്നത നേതാവ് പൊതുവേദികളിൽ വന്നിട്ടില്ല. ഖമനേയി നേരിട്ടുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയും മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇസ്രയേൽ ആക്രമണങ്ങൾക്ക് രണ്ട് ദിവസം മുമ്പ് പാർലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.
ഖമനേയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു എന്ന റിപ്പോർട്ടുകളും യുദ്ധത്തിനിടെ പുറത്തുവന്നിരുന്നു. ഇറാൻറെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധത്തിൽ ഇറാൻറെ മുതിർന്ന ആണവ വിദഗ്ധർ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇറാൻറെ ആണവ പദ്ധതികൾ പൂർണമായി തകർത്തെന്ന ട്രംപിൻറെ അവകാശവാദം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഇറാൻറെ മിസൈലാക്രമണം ഇസ്രായേലിനും കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. ജൂൺ 24നാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നത്.



