ടെഹ്റാൻ: അമേരിക്കയുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി രംഗത്തെത്തിയതായി റിപ്പോർട്ട്. ഇറാനും അമേരിക്കയും തമ്മിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ശരിവെച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ, അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥർ വഴി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരു “നീതിയുക്തമായ ധാരണയിൽ” (Fair and just deal) എത്താൻ ഇറാൻ സന്നദ്ധമാണെന്നും അരഗ്ച്ചി അറിയിച്ചു.
ട്രംപ് ഭരണകൂടം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും യുദ്ധമല്ല, മറിച്ച് തെറ്റായ കണക്കുകൂട്ടലുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഉത്കണ്ഠകൾ പരിഹരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ മന്ത്രി, പകരം ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ട്രംപിന്റെ നിലപാടിനോട് ഇറാൻ പൂർണ്ണമായും യോജിക്കുന്നുവെന്നും ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ആദ്യം വെളിപ്പെടുത്തിയത്. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണിന് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ തീരത്തേക്ക് വമ്പൻ നാവികവ്യൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. ചർച്ചയിലൂടെ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നത് തുടരുന്നതിനിടയിലാണ് വിദേശകാര്യമന്ത്രിയുടെ ഈ സമവായ നീക്കം എന്നത് ശ്രദ്ധേയമാണ്. അമേരിക്ക യുദ്ധം തുടങ്ങുകയാണെങ്കിൽ അത് ഒരു പ്രാദേശിക യുദ്ധമായി മാറുമെന്നും ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും ഖമനയി ഇന്ന് ആവർത്തിച്ചിരുന്നു. എന്നാൽ നയതന്ത്ര തലത്തിൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന അരഗ്ച്ചിയുടെ പ്രസ്താവന മേഖലയിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ റഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ചർച്ചകൾക്കായി മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ വിഷയത്തിൽ ട്രംപ് ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അത് നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. സൈനിക നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ വഴങ്ങുന്നത് മേഖലയിൽ യുദ്ധസാധ്യത ഒഴിവാക്കാനുള്ള നിർണ്ണായക നീക്കമായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Iran-US talks progressing; Foreign Minister confirms Trump’s statement



