മിഡിൽ ഈസ്റ്റിൽ പടരുന്ന വൻ യുദ്ധം തടയാൻ ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ ആഗോള ശക്തികൾ സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതായി റിപ്പോർട്ട്. ഇറാനുമായും അമേരിക്കയുമായും ഒരേസമയം സുഹൃദ്‌ബന്ധം പുലർത്തുന്ന ഇന്ത്യ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്നതായാണ് സൂചന. ഒമാൻ, തുർക്കി എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന രഹസ്യ ചർച്ചകൾക്ക് പുറമെ, ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴി നയതന്ത്ര സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
അഞ്ച് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ ഈ രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ യുദ്ധത്തിന്റെ നാലാം ആഴ്ചയിൽ ഇത്രയധികം രാജ്യങ്ങൾ ഒത്തുചേരുന്നത് ഇതാദ്യമാണ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അമേരിക്കയെ പ്രതിനിധീകരിച്ച് വരുംദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്.
അതേസമയം, ഇറാനെതിരായ സൈനിക നടപടിയിലേക്ക് നീങ്ങാൻ തന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ടെന്നസിയിൽ നടന്ന വട്ടമേശ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാൻ ആണവായുധം കൈവശം വെക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ സൈനിക നീക്കം വേണമെന്നും പീറ്റ് ഹെഗ്സെത്ത് നിലപാടെടുത്തതായും ട്രംപ് കൂട്ടിച്ചേർത്തു. ഭരണകൂടത്തിനുള്ളിൽ നിന്ന് തന്നെ യുദ്ധത്തിനായി ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ഈ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്.
നിലവിൽ അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ സൈനിക സംഘർഷങ്ങൾക്ക് പൂർണ്ണമായ പരിഹാരമായിട്ടില്ല. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇരുപക്ഷത്തെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. വരും ദിവസങ്ങളിൽ നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മേഖല വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്.
Iran-US conflict: India and global powers make peace moves
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



