പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സംഘർഷം അവസാനിപ്പിക്കുന്നതിനായി മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ. അമേരിക്കയും ഇസ്രായേലും ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.
മേഖലയിലെ സമാധാനത്തിനായി ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇസ്രായേലും അമേരിക്കയും ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു. അതേസമയം, ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചു. എന്നാൽ ഈ പ്രമേയം രാഷ്ട്രീയ പ്രേരിതവും പക്ഷപാതപരവുമാണെന്നാണ് ഇറാന്റെ നിലപാട്. വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നത് ശ്രദ്ധേയമാണ്.
യുഎസും ഇറാനും തമ്മിലുള്ള വാക്പോരും ഭീഷണികളും ഇപ്പോഴും ശക്തമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയും രംഗത്തെത്തി. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കുമെന്നും ഹോർമുസ് കടലിടുക്കിലൂടെ ഇത്തരം കപ്പലുകളെ കടത്തിവിടില്ലെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചതോടെ മേഖലയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.



