ബാകു: അസൈർബൈജാനിലെ നഖ്ചിവാൻ പ്രവിശ്യയിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം. നഖ്ചിവാൻ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിലും ഷെക്കേരാബാദ് ഗ്രാമത്തിലെ സ്കൂളിലുമാണ് വ്യാഴാഴ്ച ഉച്ചയോടെ ഡ്രോണുകൾ പതിച്ചതെന്ന് അസൈർബൈജാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അസൈർബൈജാൻ സർക്കാർ ബാകുവിലെ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണ് നടന്നതെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രായേലുമായി അസൈർബൈജാൻ പുലർത്തുന്ന അടുത്ത ബന്ധവും തങ്ങൾക്കെതിരായ നീക്കങ്ങൾക്ക് അസൈർബൈജാനും കൂട്ട്നിൽക്കുമോ എന്ന ഇറാൻ്റെ ആശങ്കയുമാണ് നിലവിലെ സംഘർഷത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെയാണ് ഈ പ്രകോപനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയെങ്കിലും നാറ്റോ പ്രതിരോധ സംവിധാനം അത് തകർത്തിരുന്നു. ഇറാനിൽ ആഭ്യന്തര സംഘർഷം ശക്തമായി തുടരുന്നതിനിടെ അയൽരാജ്യങ്ങളിലേക്കും ആക്രമണം വ്യാപിക്കുന്നത് പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran targets Azerbaijan; Drone attack on airport; Two injured



