വാഷിങ്ടൺ: ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്കായി ബന്ധപ്പെട്ടുവെന്നും ഇതിനോട് താൻ അനുകൂലമായി പ്രതികരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ദ അറ്റ്ലാന്റിക്’ മാഗസിന് നൽകിയ അഭിമുഖത്തിലാണ്, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പുതിയ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് നേരത്തെ തന്നെ ആവാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചുകൂടി പ്രായോഗികമായ രീതിയിൽ ഇറാൻ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഒമാന്റെയും ഖത്തറിന്റെയും നേതൃത്വത്തിലാണ് സമാധാന ചർച്ചകൾക്കുള്ള മധ്യസ്ഥ നീക്കങ്ങൾ നടക്കുന്നത്. നേരത്തെ നടന്ന ചർച്ചകൾക്കിടെ ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇറാനിലെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെങ്കിലും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഓൺലൈൻ യോഗം ഇന്ന് രാത്രി നടക്കും. ഇറാൻ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് പ്രായോഗികമായ നീക്കങ്ങൾ ഈ യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ചൈന, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും സമാധാന നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ചേക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran says it is ready for talks with the US; Donald Trump welcomes it



