ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട ഇറാൻ വൻ ആയുധശേഖരം പുറത്തിറക്കി. തങ്ങളുടെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിരിക്കുന്ന നൂറുകണക്കിന് സൂയിസൈഡ് നേവൽ ഡ്രോണുകളുടെ ദൃശ്യങ്ങളാണ് ഇറാൻ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കടലിനടിയിലൂടെ സഞ്ചരിച്ച് യുദ്ധക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾ വിന്യസിച്ചതോടെ ആഗോള എണ്ണ വിപണിയും ലോക സമ്പദ്‌വ്യവസ്ഥയും വലിയ ആശങ്കയിലാണ്.
ഇറാൻ-ഇസ്രായേൽ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ഇരുപക്ഷവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ നിർമ്മാണശാലകളും ഉൾപ്പെടെ 200-ലധികം ഇടങ്ങളിൽ ഇസ്രായേൽ സേന വൻ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ തങ്ങളുടെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് തിരിച്ചടി നൽകാനാണ് ഇറാന്റെ നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും ഈ പുതിയ ആയുധങ്ങൾ വിന്യസിച്ചിരിക്കുന്നത്.
അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്ക് പരിക്കേറ്റതായും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇറാൻ തയ്യാറായിട്ടില്ല. തിരിച്ചടി തുടരുമെന്ന പ്രഖ്യാപനവുമായി ഇറാൻ സൈന്യം മുന്നോട്ട് പോകുന്നതോടെ മേഖലയിൽ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്. വരും ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran raises threat in Strait of Hormuz; Footage of large drone collection released



