ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസ്–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് തന്ത്രപ്രധാന തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അനുമതി കൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക്പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണിത്.
2024-ലും ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂർണമായും നിലയ്ക്കും. ഇത് ലോകത്തെല്ലായിടത്തും എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്.



