ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സെജ്ജിൽ’ (Sejjil) മിസൈലുകൾ പ്രയോഗിക്കുന്നത്. ഇതോടെ മേഖലയിൽ സമ്പൂർണ്ണ യുദ്ധഭീതി പടർന്നിരിക്കുകയാണ്.
ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇറാൻ്റെ ഏറ്റവും കരുത്തുറ്റ ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നാണ് സെജ്ജിൽ. ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് 700 കിലോഗ്രാം വരെയുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്. ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെയും മിസൈൽ പ്രതിരോധ കവചങ്ങളെയും അനായാസം മറികടക്കാൻ ഇതിന് സാധിക്കുമെന്നതാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.
അയൺ ഡോം ഉൾപ്പെടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാനുള്ള കഴിവും ഈ മിസൈലിനുണ്ട്. അന്തരീക്ഷത്തിൻ്റെ ഉയർന്ന പാളികളിൽ വെച്ച് ദിശ വേഗത്തിൽ മാറ്റാൻ കഴിയുന്നതിനാൽ ‘ഡാൻസിങ് മിസൈൽ’ എന്നും ഇതിന് പേരുണ്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ (CSIS) കണക്കുകൾ പ്രകാരം, 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഈ മിസൈൽ വളരെ വേഗത്തിൽ വിക്ഷേപണത്തിന് സജ്ജമാക്കാൻ സാധിക്കും. ദ്രാവക ഇന്ധന മിസൈലുകളെ അപേക്ഷിച്ച് ഇതിനുള്ള തയ്യാറെടുപ്പ് സമയം വളരെ കുറവാണെന്നത് ഇറാന് തന്ത്രപരമായ മേൽക്കൈ നൽകുന്നു.
1990-കളുടെ തുടക്കത്തിൽ രൂപകൽപ്പന ആരംഭിച്ച സെജ്ജിൽ മിസൈലിൻ്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത് 2008-ലാണ്. വർഷങ്ങൾ നീണ്ട പരിഷ്കാരങ്ങൾക്കൊടുവിലാണ് ഇപ്പോഴത്തെ അത്യാധുനിക പതിപ്പ് യുദ്ധമുഖത്ത് ഇറാൻ പുറത്തെടുത്തിരിക്കുന്നത്. അമേരിക്കൻ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം മേഖലയിലെ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും മണിക്കൂറുകളിൽ അമേരിക്കയും സഖ്യകക്ഷികളും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.
iran-launches-advanced-sejjil-missiles-targeting-west-asia-us-bases.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



