ദില്ലി : മേഖലയിലെ കടുത്ത സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന വാഗ്ദാനം പാലിച്ച് ഇറാൻ. 90,000 ടണ്ണിലധികം എൽപിജിയുമായി ഇന്ത്യൻ പതാകയേന്തിയ രണ്ട് ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് തിരിച്ചു. BW ELM, BW TYR എന്നീ ടാങ്കറുകളാണ് നിലവിൽ ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം അടച്ചിട്ടിരുന്ന ഈ നിർണായക സമുദ്രപാതയിലൂടെ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കപ്പലുകൾ സഞ്ചരിക്കുന്നത്.
ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളുടെ ടാങ്കറുകൾക്ക് സുരക്ഷിതമായ കടന്നുപോകൽ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ രണ്ട് എൽപിജി കപ്പലുകൾ കടന്നുപോയെങ്കിലും, അസംസ്കൃത എണ്ണയുമായി എത്തിയ അഞ്ചോളം ഇന്ത്യൻ ടാങ്കറുകൾ ഇപ്പോഴും അനുമതിക്കായി കാത്തിരിക്കുകയാണ്. ഏകദേശം 20 ഓളം ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ 50 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ ഈ ജലപാത രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് ജഗ് വസന്ത്, പൈൻ ഗ്യാസ്, ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾക്ക് പിന്നാലെ ഇപ്പോൾ കൂടുതൽ എൽപിജി ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകിയിരിക്കുന്നത്. അസാധാരണമായ റൂട്ടിലൂടെയാണ് ഈ കപ്പലുകൾ ഇന്ത്യയിലേക്ക് നീങ്ങുന്നത്.
ഷിപ്പിംഗ് ഡാറ്റകൾ പ്രകാരം ഒഴിഞ്ഞ കപ്പലുകളിലും ഇന്ത്യ എൽപിജി ശേഖരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം നിരന്തരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
Iran keeps promise to India; Two ships carrying over 90,000 tonnes of LPG pass through Hormuz
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



