മധ്യപൂർവദേശത്ത് അശാന്തിയുടെ തീപടർത്തി ഇറാനിൽ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇസ്രയേലിന് തിരിച്ചടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേൽ ആംബുലൻസ് ഏജൻസി ഉൾപ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദീകരിക്കുന്നു. ആദ്യം നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിൽ ആക്രമണം നടത്തിയ ഇറാൻ, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും സൂചനയുണ്ട്.
ഇസ്രയേലിന്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാൻ പരിധികൾ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രയേൽ നിർദേശം നൽകി.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.



