ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളെത്തുടർന്ന് യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇറാൻ വ്യോമപാത അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ആളുകളെ പുറത്തെത്തിക്കാനാണ് നീക്കം. ഇത്തരത്തിൽ അയൽരാജ്യങ്ങളിൽ എത്തിക്കുന്നവരെ അവിടെ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരും. നിലവിൽ ഒമ്പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.
തെഹ്‌റാനിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ജമ്മു കശ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. തെഹ്‌റാനിലും ഖോമിലുമായാണ് ഇവർ താമസിക്കുന്നത്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും എംബസി കർശന നിർദേശം നൽകി. ചൊവ്വാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്‌സേത്ത് വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഒഴിപ്പിക്കൽ വേഗത്തിലാക്കിയത്. വിദേശപൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങാനായി തുർക്ക്‌മെനിസ്ഥാൻ അതിർത്തിയിൽ കൂടുതൽ ചെക്ക്‌പോയിന്റുകൾ തുറന്നിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യൻ നാവികർ, ഇസ്ലാമിക പഠനത്തിനും തീർത്ഥാടനത്തിനുമായി എത്തിയ ഷിയാ മുസ്‌ലിം വിഭാഗക്കാർ എന്നിവരും നിലവിൽ ഇറാനിലുണ്ട്. ചില വിദ്യാർത്ഥികൾ അവിടെത്തന്നെ തുടരാൻ താല്പര്യം പ്രകടിപ്പിച്ചതായും എംബസി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഇറാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജെയ്‌സ്വാൾ വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ സർക്കാർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran conflict: Central government to evacuate Indians; Move to evacuate through neighboring countries



