ടെഹ്‌റാൻ: ദശകങ്ങളായി ഇറാന്റെ രാഷ്ട്രീയ-മത നേതൃത്വം കൈയാളുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ ഖാംനഈയുടെ ഓഫീസ് കെട്ടിടത്തിന് നേരെ ഉണ്ടായ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. രാജ്യത്തിന്റെ പരമോന്നത നേതാവിന്റെ വിയോഗത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
1989 മുതൽ ഇറാന്റെ പരമോന്നത അധികാരിയായി തുടരുന്ന ഖാംനഈ, പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം, വിപ്ലവ നേതാവ് ആയത്തുല്ല ഖൊമേനിയുടെ വിയോഗത്തിന് ശേഷമാണ് അധികാരമേറ്റത്. ഇറാൻ സൈന്യം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയിൽ പൂർണ്ണ നിയന്ത്രണം പുലർത്തിയിരുന്ന അദ്ദേഹം, മേഖലയിൽ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ സായുധ സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു.
ഖാംനഈയുടെ വധം സംബന്ധിച്ച് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നെങ്കിലും ഇറാൻ അത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിൽ ഖാംനഈയുടെ വിയോഗം ഇറാന്റെ ഭാവിയിലും പ്രാദേശിക രാഷ്ട്രീയത്തിലും എന്ത് മാറ്റങ്ങൾ വരുത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran confirms death of Supreme Leader Ayatollah Ali Khamenei



