വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക പൂർണ്ണ വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ്, ഇറാൻ്റെ നാവിക സേനയെയും മിസൈൽ ശേഷിയെയും അമേരിക്കൻ സൈന്യം തകർത്തുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഇറാൻ ഇതിനോടകം തന്നെ പരാജയം സമ്മതിച്ചുകഴിഞ്ഞെന്നും, ലോകരാജ്യങ്ങൾക്ക് ഭീഷണിയായിരുന്ന ഇറാന്റെ ആണവ-മിസൈൽ പദ്ധതിയേയും സൈനിക സന്നാഹങ്ങളെയും നിർവീര്യമാക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ജനതയുടെയും വരുംതലമുറയുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള അനിവാര്യമായ നടപടിയാണിതെന്നാണ് ട്രംപിൻ്റെ പക്ഷം.

ഇറാനെ പൂർണ്ണമായും ശിലായുഗത്തിലേക്ക് തള്ളിയതിന് ശേഷം മാത്രമേ നിലവിലെ സംഘർഷം അവസാനിപ്പിക്കുകയുള്ളൂ എന്ന കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. വരും ആഴ്ചകൾ യുഎസിനെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമാണെന്നും, ഇറാൻ ഉടമ്പടികൾക്ക് തയ്യാറാവാത്ത പക്ഷം അവരുടെ ഊർജ്ജനിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്കിലെ ഉപരോധവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളെ പരിഹസിച്ച ട്രംപ്, ധൈര്യമുണ്ടെങ്കിൽ ഹോർമൂസ് പിടിച്ചെടുക്കാൻ അവരെ വെല്ലുവിളിക്കുകയും ചെയ്തു. ഇറാന്റെ പക്കൽ ഇനി പരിമിതമായ മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിൻ്റെ പ്രസ്താവനകളെ തള്ളിക്കൊണ്ട് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. അമേരിക്കൻ ജനതയ്ക്ക് എഴുതിയ തുറന്ന കത്തിലൂടെ, തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള പ്രതിരോധം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ കടന്നാക്രമണത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്നും, ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്ന രാജ്യമല്ലെന്നും പെസഷ്കിയാൻ ഓർമ്മിപ്പിച്ചു. ഇറാൻ്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടികൾ ഉണ്ടാവാതിരുന്നിട്ടും എന്തിനാണ് ഈ സൈനിക നീക്കമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ചോദിച്ചു.
Trump Says Iran Collapses, War Nears End After U.S. Win
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



