ന്യൂഡൽഹി: ഇറാൻ വ്യോമാതിർത്തി അപ്രതീക്ഷിതമായി അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയവും പ്രവർത്തനച്ചെലവും വർദ്ധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ന്യൂയോർക്ക്, ന്യൂവാർക്ക് എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. അതേസമയം, ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് (ജെ.എഫ്.കെ) തിരിച്ചു കഴിഞ്ഞിരുന്ന എ.ഐ 101 വിമാനം വ്യോമപാത അടച്ചതിനെത്തുടർന്ന് അടിയന്തരമായി ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. എന്നാൽ ലാൻഡിംഗിന് ശേഷം വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റുന്നതിനിടെ (ടാക്സിയിംഗ്) അജ്ഞാത വസ്തുവിൽ തട്ടി വിമാനത്തിന്റെ വലത് എഞ്ചിന് കേടുപാടുകൾ സംഭവിച്ചതായും റിപോർട്ടുകൾ ഉണ്ട്.
യൂറോപ്പ്, തുർക്കി, സി.ഐ.എസ് രാജ്യങ്ങളിലേക്കുള്ള ഇൻഡിഗോയുടെ സർവീസുകളെയും നിലവിലെ പ്രതിസന്ധി കാര്യമായി ബാധിച്ചു. താഷ്കന്റ്, അൽമാറ്റി, ബാക്കു, ടിബിലിസി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഇറാൻ വ്യോമപാതയ്ക്ക് പകരം ദീർഘദൂര പാതകൾ ഉപയോഗിക്കേണ്ടി വരുന്നത് ഇസ്താംബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളെ തടസ്സപ്പെടുത്തി. നിലവിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെങ്കിലും വ്യോമപാത അടച്ചത് സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് സ്പൈസ് ജെറ്റും അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ബദൽ മാർഗങ്ങൾ തേടുമെന്നും കമ്പനികൾ വ്യക്തമാക്കി.
സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്രചെയ്യാൻ എയർ ഇന്ത്യ ആശ്രയിക്കുന്നത് ഇറാൻ വ്യോമപാതയെയാണ്. ഇത് അടച്ചതോടെ ഇറാഖ് വഴിയുള്ള ബദൽ പാത ഉപയോഗിക്കേണ്ടി വരും. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും. പാകിസ്ഥാൻ വ്യോമപാത നേരത്തെ അടച്ചത് മൂലം 4,000 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി എയർ ഇന്ത്യ മുൻപ് വ്യക്തമാക്കിയിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അപ്രതീക്ഷിതമായുണ്ടായ തടസ്സങ്ങളിൽ ഖേദിക്കുന്നതായും വിമാനക്കമ്പനികൾ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. വിമാനങ്ങളുടെ പുതുക്കിയ സമയക്രമം അറിയാൻ യാത്രക്കാർ കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran closes airspace; International services from India suspended; Passengers in distress



