ടെഹ്റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ തുടരുന്ന ജനകീയ പ്രക്ഷോഭം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ആഭ്യന്തര സംഘർഷങ്ങളിൽ ഇതുവരെ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിലെ ഒരു ഡോക്ടർ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ടൈം മാഗസിൻ ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രതിഷേധക്കാർക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി. തെരുവിലിറങ്ങിയവർ അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന “തെമ്മാടി കൂട്ടമാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനിലെ നിലവിലെ അശാന്തിക്ക് പിന്നിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏജന്റുമാരാണെന്നും ഖമേനി ആരോപിച്ചു.
തലസ്ഥാനമായ ടെഹ്റാന് പുറമെ മഷാദ്, തബരീസ്, ഇസ്ഫാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നു പിടിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. 1979-ൽ പുറത്താക്കപ്പെട്ട ഷാ ഭരണകൂടത്തിന് അനുകൂലമായ മുദ്രാവാക്യങ്ങളും പതാകകളും ഉയർത്തുന്ന പ്രതിഷേധക്കാർ, ഖമേനിയുടെ പതനം ആവശ്യപ്പെട്ടാണ് തെരുവുകളിൽ അണിനിരക്കുന്നത്.
പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളാണ് ഇറാൻ സർക്കാർ സ്വീകരിക്കുന്നത്. കുട്ടികളെ തെരുവിലേക്ക് വിടരുതെന്നും അവർക്കെതിരെ വെടിയുതിർക്കാൻ മടിക്കില്ലെന്നും സ്റ്റേറ്റ് മീഡിയ വഴി മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും പ്രതിഷേധക്കാരെ തുരത്താൻ സുരക്ഷാ സേന സൗണ്ട് ബോംബുകൾ പ്രയോഗിക്കുന്നുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നതിന് പകരം ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഇറാൻ പണം ചെലവഴിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran civil unrest: 217 protesters reported killed



