ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ നൽകിയ സമാധാന വാഗ്ദാനങ്ങൾ പാഴാക്കി ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണ പരമ്പര. തങ്ങളുടെ മണ്ണ് ഇറാനെതിരായ നീക്കങ്ങൾക്ക് വിട്ടുനൽകില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേഖലയെ നടുക്കിയ ആക്രമണങ്ങൾ ഉണ്ടായത്. ഇതിന് തിരിച്ചടിയായി ഇറാന്റെ എസ്ഫഹാൻ പ്രവിശ്യയിലെ രണ്ട് പ്രധാന വ്യോമതാവളങ്ങളും നിരവധി ഇന്ധന സംഭരണികളും ഇസ്രായേൽ-യുഎസ് സംയുക്ത സേന തകർത്തു.
യുഎഇയുടെ തലസ്ഥാനമായ ദുബായിൽ ഡ്രോൺ അവശിഷ്ടം വാഹനത്തിന് മുകളിൽ വീണ് ഒരാൾ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ തങ്ങളെ ദുർബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുന്നറിയിപ്പ് നൽകി. യുഎഇ എളുപ്പത്തിൽ കീഴടക്കാവുന്ന ഇരയല്ലെന്നും രാജ്യം ഉൾക്കരുത്തുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെയും റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ലക്ഷ്യമാക്കിയും ആക്രമണശ്രമങ്ങൾ നടന്നു.
ബഹ്‌റൈനിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൽമാൻ പോർട്ടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും കെട്ടിടങ്ങളിലും സ്ഫോടനങ്ങളും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ഖത്തർ ലക്ഷ്യമാക്കി എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. കുവൈത്തിലെ പ്രധാന സർക്കാർ സ്ഥാപനമായ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം.
മേഖലയിലെ പരമാധികാരം സംരക്ഷിക്കാൻ ഏത് കടുത്ത നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലും അമേരിക്കയും ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യ പൂർണ്ണ തോതിലുള്ള യുദ്ധഭീതിയിലായി. എണ്ണ വിപണിയെയും വ്യോമഗതാഗതത്തെയും സംഘർഷം ഗുരുതരമായി ബാധിച്ചതോടെ ലോകരാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran breaks promise; launches missile and drone attacks on UAE, Saudi Arabia and Bahrain



