കുവൈറ്റ് സിറ്റി: കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാൻ്റിന് നേരെയുണ്ടായ ഇറാൻ്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്ലാൻ്റിലെ സർവീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ഇതിൽ വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കുവൈറ്റ് വൈദ്യുതി മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ സാങ്കേതിക വിദഗ്ധരും എമർജൻസി റെസ്പോൺസ് ടീമും സ്ഥലത്തെത്തി പ്ലാൻ്റിൻ്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ഒരു മാസം പിന്നിടുമ്പോൾ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 14 മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റ് വ്യോമാതിർത്തിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പ്ലാൻ്റിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ കുവൈറ്റ് മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തെങ്കിലും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും 216 കുട്ടികളും അടക്കം രണ്ടായിരത്തിലധികം പേർ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങളുള്ള മറ്റ് മേഖലകൾക്കും നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്.
ആഗോള എണ്ണ-വാതക വിതരണത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി തടഞ്ഞത് ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിച്ചിട്ടുണ്ട്. ഇറാനിലെ ഊർജ്ജ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഏപ്രിൽ 6 വരെ നിർത്തിവെക്കുമെന്ന് കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിലുടനീളമുള്ള ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Iran attack in Kuwait: Power plant damaged, Indian worker killed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



