കാൽഗറി നഗരത്തിൽ ഈ വർഷം റോഡ് നിർമാണ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുകയാണ്. റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഗരം തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കിയതാണ് നിർമാണ പ്രവർത്തനങ്ങൾ വർധിക്കാൻ പ്രധാന കാരണം. നിലവിൽ 530 കിലോമീറ്ററോളം വരുന്ന 320 സ്ഥലങ്ങളിലാണ് ടാറിങ് ജോലികൾ നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20-ൽ അധികം റോഡ് നിർമാണ പദ്ധതികൾ ഇത്തവണ അധികമായി നടക്കുന്നുണ്ട്.
റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് കാൽഗറി നഗരത്തിലെ മേജർ റോഡ്സ് റീകൺസ്ട്രക്ഷൻ ലീഡർ ജെഫ് ബെയർഡ് പറഞ്ഞു. പ്രധാനപ്പെട്ട റോഡുകളിലെ പണികൾ ഈ വർഷം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലെൻമോർ ട്രെയിൽ, മക്നൈറ്റ് ബൊളിവാർഡ്, മെറ്റിസ് ട്രെയിൽ, 16-ാം അവന്യൂ തുടങ്ങിയ പ്രധാന റോഡുകളിലെ പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. റോഡ് നിർമാണങ്ങൾ ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ രാത്രികാലങ്ങളിലാണ് പ്രധാനപ്പെട്ട റോഡുകളിൽ ടാറിങ് ജോലികൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിലെ റോഡുകൾക്കൊപ്പം ഡിയർഫൂട്ട് ട്രെയിൽ, സ്റ്റോണി ട്രെയിൽ തുടങ്ങിയ പ്രധാന ഹൈവേകളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കാൽഗറി നഗരമല്ല, ആൽബർട്ട പ്രവിശ്യാ സർക്കാരാണ് ഈ ഹൈവേകളുടെ ചുമതല വഹിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡിയർഫൂട്ട് ട്രെയിൽ നവീകരിക്കാൻ 485 ദശലക്ഷം ഡോളറാണ് സർക്കാർ നിക്ഷേപിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ. ഈ ഹൈവേകളുടെ പണികൾ 2027-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മഞ്ഞുകാലവും കാലാവസ്ഥാ വ്യതിയാനങ്ങളും റോഡുകൾക്ക് കേടുപാടുകൾ വരുത്തുന്നത് കാരണമാണ് ഇത്രയധികം അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നതെന്ന് കാൽഗറി സർവകലാശാലയിലെ സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ജേസൺ ഹോക്കിൻസ് വ്യക്തമാക്കി. വലിയ വാഹനങ്ങൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലാണ് കേടുപാടുകൾ കൂടുതലായി കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Investment doubles; huge surge in road construction in Calgary



