ബെൽഗ്രേഡ്: ലോകത്തെ പ്രമുഖ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഹാക്ക്ചെയ്ത കേസിൽ കനേഡിയൻ പൗരനായ ആൻഡിയൻ മെഡ്ജെഡോവിച്ചിനായി തിരച്ചിൽ ഊർജിതമാക്കി അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ. ഇൻഡെക്സ്ഡ് ഫിനാൻസ്, കൈബർ സ്വാപ്പ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏകദേശം 65 മില്യൺ യുഎസ് ഡോളർ മോഷ്ടിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം.
പതിനാലാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പതിനെട്ടാം വയസ്സിൽ മാത്തമാറ്റിക്സിൽ ഉപരിപഠനവും നേടിയ ഈ ഇരുപതുകാരൻ, തന്റെ സാങ്കേതിക മികവ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.2021 മുതൽ ഒളിവിൽ കഴിയുന്ന ഇയാൾ, സ്ലോവാക്യ, ബോസ്നിയ എന്നീ രാജ്യങ്ങളുടെ വ്യാജ പാസ്പോർട്ടുകൾ നിർമ്മിച്ച് യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. താൻ മോഷ്ടിച്ച ക്രിപ്റ്റോ പണം ആർക്കും കണ്ടെത്താൻ കഴിയാത്ത വിധം ‘മിക്സിംഗ്’ എന്ന സാങ്കേതിക വിദ്യയിലൂടെ പലയിടങ്ങളിലേക്ക് മാറ്റിയാണ് ഇയാൾ നിയമവിധേയമാക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സെർബിയയിലെ ബെൽഗ്രേഡിൽ വെച്ച് ഇയാളെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, ഇയാളെ വിട്ടുകിട്ടണമെന്ന നെതർലൻഡ്സിന്റെ ആവശ്യം സെർബിയൻ കോടതി നിരസിച്ചു. 105 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങിയ മെഡ്ജെഡോവിച്ച് നിലവിൽ ബോസ്നിയയിൽ ഒളിവിലാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് സംശയിക്കുന്നത്. ഇയാൾക്കെതിരെ നിലവിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആരോപണങ്ങൾ മെഡ്ജെഡോവിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും, ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി സഹകരിച്ചില്ലെങ്കിൽ പത്ത് വർഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോകത്തെ വിവിധ ഏജൻസികൾ ഇയാളുടെ ക്രിപ്റ്റോ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
65 million child crypto scam: Interpol intensifies search for Canadian youth



