ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ഇമിഗ്രേഷൻ വകുപ്പ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. പ്രധാന കോഴ്സുകൾ തുടങ്ങുന്നതിന് മുൻപായി ഭാഷാ പഠനമോ മറ്റ് അനുബന്ധ കോഴ്സുകളോ (Prerequisite courses) പൂർത്തിയാക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ കാലാവധിയുള്ള സ്റ്റഡി പെർമിറ്റ് മാത്രമേ അനുവദിക്കൂ. 2026 ഫെബ്രുവരി 19-ന് നിലവിൽ വന്ന പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇത്തരം കോഴ്സുകളുടെ കാലാവധിക്ക് ശേഷം വെറും 90 ദിവസത്തെ അധിക സമയം മാത്രമേ വിസയിൽ ലഭിക്കുകയുള്ളൂ.
പഴയ നിയമപ്രകാരം പ്രീ-റെക്വിസിറ്റ് കോഴ്സിന്റെ കാലാവധിയോടൊപ്പം ഒരു വർഷം കൂടി അധികമായി സ്റ്റഡി പെർമിറ്റിൽ നൽകിയിരുന്നു. എന്നാൽ പുതിയ മാറ്റം വന്നതോടെ വിദ്യാർത്ഥികൾ അവരുടെ പ്രാഥമിക കോഴ്സ് കഴിഞ്ഞാലുടൻ കാനഡയിൽ ഇരുന്നുകൊണ്ട് തന്നെ തങ്ങളുടെ പ്രധാന പഠനത്തിനായി പുതിയ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കേണ്ടി വരും. ഇത്തരത്തിൽ അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് ‘മെയിന്റയിൻഡ് സ്റ്റാറ്റസ്’ (Maintained Status) വഴി പുതിയ പെർമിറ്റ് ലഭിക്കുന്നതുവരെ പഠനം തുടരാനുള്ള അനുമതി ഉണ്ടായിരിക്കും.
ആറുമാസത്തിൽ താഴെ ദൈർഘ്യമുള്ള കോഴ്സുകൾക്ക് സാധാരണയായി സ്റ്റഡി പെർമിറ്റ് ആവശ്യമില്ലെങ്കിലും, കാനഡയിൽ ഇരുന്നുകൊണ്ട് തന്നെ ഉപരിപഠനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമേ സ്റ്റഡി പെർമിറ്റ് എടുക്കണമെന്ന് ഇമിഗ്രേഷൻ വകുപ്പ് (IRCC) പ്രത്യേകം നിർദ്ദേശിക്കുന്നു. കാരണം ആദ്യമേ സ്റ്റഡി പെർമിറ്റ് ഇല്ലാതെ ഇത്തരം കോഴ്സുകൾക്ക് കാനഡയിലെത്തുന്നവർക്ക് രാജ്യത്തിനകത്ത് ഇരുന്നുകൊണ്ട് സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കില്ല. സ്പൗസ് വിസയുള്ളവർക്കോ എക്സ്ചേഞ്ച് വിദ്യാർത്ഥികൾക്കോ മാത്രമേ ഇതിൽ ചില ഇളവുകൾ അനുവദിച്ചിട്ടുള്ളൂ. അതുകൊണ്ട് കാനഡയിലേക്ക് പഠനത്തിനായി പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ പുതിയ കാലാവധി മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
International students taking prerequisites will be issued shorter study permits under new rules



