കാനഡയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ഉയർന്ന വരുമാനം നേടാനുള്ള അവസരങ്ങൾ ഏറെയാണെന്ന് പഠനം വ്യക്തമാക്കുന്നു. അക്കാദമിക് കാലയളവിൽ ആഴ്ചയിൽ 24 മണിക്കൂർ വരെയും, വേനലവധിക്കാലത്ത് പരിധിയില്ലാതെയും ജോലി ചെയ്യാനുള്ള നിയമപരമായ അനുവാദം കാനഡയിലെ സ്റ്റുഡന്റ് വിസ ഉടമകൾക്ക് ലഭിക്കുന്നു.
വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിൽ ലഭിക്കുന്ന ജോലികളാണ് ഏറ്റവും അനുയോജ്യമായത്, കാനഡയിലെ സർവ്വകലാശാല ജോലി നിയമന വിഭാഗത്തിന്റെ ഡയറക്ടർ മാർട്ടിൻ റോസ് പറയുന്നു. റിസർച്ച് അസിസ്റ്റന്റ്, ടീച്ചിംഗ് അസിസ്റ്റന്റ് പോലുള്ള തസ്തികകളിൽ മണിക്കൂറിന് 26 ഡോളറിലധികം ലഭിക്കുന്നതോടൊപ്പം, ഫ്ലെക്സിബിൾ സമയക്രമവും ക്യാമ്പസിൽ തന്നെ ജോലി ചെയ്യാനുള്ള സൗകര്യവും ഇത്തരം തൊഴിലുകളുടെ മെച്ചമാണ്.
ക്യാമ്പസിനു പുറത്തും വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മേഖലകളിൽ ജോലി ലഭ്യമാണ്. ട്രീ പ്ലാന്റർ (27 ഡോളർ), ലാൻഡ്സ്കേപ്പിംഗ് (20 ഡോളർ), റീട്ടെയിൽ സെയിൽസ് (16.50 ഡോളർ), ബാർടെൻഡർ (19.25+ ഡോളർ) തുടങ്ങി ശാരീരികാധ്വാനം ആവശ്യമുള്ള ജോലികൾക്കൊപ്പം, ഡിജിറ്റൽ മേഖലയിൽ ഡാറ്റ അനൊട്ടേറ്റർ (22 ഡോളർ), ഓൺലൈൻ ട്യൂട്ടർ (19 ഡോളർ), വെർച്വൽ അസിസ്റ്റന്റ് (23 ഡോളർ) പോലുള്ള റിമോട്ട് ജോലികളും ഇപ്പോൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.



