വാഷിങ്ടൻ: ആഗോള സമ്പദ്വ്യവസ്ഥയെയും എണ്ണ വ്യാപാരത്തെയും നിശ്ചലമാക്കിയ ഹോർമുസ് കടലിടുക്കിലെ കപ്പൽ പ്രതിസന്ധി മറികടക്കാൻ നിർണായക നീക്കവുമായി അമേരിക്ക. ഈ തന്ത്രപ്രധാന ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തങ്ങളുടെ സമുദ്ര ഇൻഷുറൻസ് പരിരക്ഷ അമേരിക്ക 40 ബില്യൺ ഡോളറായി (ഏകദേശം 3.7 ലക്ഷം കോടി രൂപ) ഉയർത്തി. കൂടുതൽ അന്താരാഷ്ട്ര പങ്കാളികളെ ഉൾപ്പെടുത്തിയാണ് യുഎസ് ഈ വൻ പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മാർച്ചിൽ പ്രഖ്യാപിച്ച 20 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോൾ ഇരട്ടിയാക്കിയിരിക്കുന്നത്.
ഗൾഫ് മേഖലയിൽ സർവീസ് നടത്തുന്ന ചരക്കുകപ്പലുകൾക്ക് യുദ്ധസാഹചര്യത്തിലുള്ള സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി), യുഎസ് സെൻട്രൽ കമാൻഡ്, ട്രഷറി ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. നിലവിലെ അടിയന്തര സാഹചര്യത്തിൽ കപ്പലുകൾക്കും അവയിലെ യന്ത്രസാമഗ്രികൾക്കും ചരക്കുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നത്. ലോകപ്രശസ്ത ഇൻഷുറൻസ് ഭീമനായ ‘ചബ്ബ്’ (Chubb) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രതീക്ഷിച്ച ഫലം കണ്ടില്ല; ആശങ്കയിൽ വ്യാപാര മേഖല
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, പ്രകൃതിവാതകം, രാസവളം തുടങ്ങിയവയുടെ നീക്കം സുഗമമാക്കാൻ ഈ ഇൻഷുറൻസ് പദ്ധതി സഹായിക്കുമെന്ന് ഡിഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ബെൻ ബ്ലാക്ക് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഇതിന്റെ പ്രായോഗിക ഫലം പരിമിതമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാർച്ച് മൂന്നിന് പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഈ ഇൻഷുറൻസ് ആനുകൂല്യം ഉപയോഗപ്പെടുത്തി ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മറികടന്നതായി സ്ഥിരീകരിക്കപ്പെട്ട തെളിവുകളില്ല. ഇതാണ് അമേരിക്കയെ തുക ഉയർത്താൻ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായതും ജലപാത പൂർണ്ണമായി അടഞ്ഞതും. ഇതോടെ പ്രതിദിനം ശരാശരി 138 കപ്പലുകൾ വരെ കടന്നുപോയിരുന്ന ഈ പാതയിലെ ഗതാഗതത്തിൽ 90 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഗൾഫ് മേഖലയിൽ മാത്രം ആയിരത്തോളം ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ മാത്രം 40 ബില്യൺ ഡോളറോ അതിലധികമോ ആയേക്കാമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രാഥമിക കണക്കുകൂട്ടൽ.
രാജ്യാന്തര ചർച്ചകൾ സജീവം
പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടന്റെ നേതൃത്വത്തിൽ 40-ലധികം അമേരിക്കൻ സഖ്യകക്ഷികൾ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. ജലപാതയിലെ സ്തംഭനാവസ്ഥ തുടർന്നാൽ ആഗോളതലത്തിൽ ഉണ്ടാകാൻ പോകുന്ന കടുത്ത ഇന്ധനക്ഷാമവും വിലക്കയറ്റവും യോഗം വിലയിരുത്തി. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടത്തുമ്പോൾ തന്നെ, കടലിടുക്ക് അടച്ചിടുകയാണെങ്കിൽ ഏർപ്പെടുത്തേണ്ട കർശനമായ ഉപരോധങ്ങളെക്കുറിച്ചും സഖ്യകക്ഷികൾ ധാരണയിലെത്തിയിട്ടുണ്ട്. ഈ ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപനത്തോടെ കപ്പലുകൾ കടലിലിറങ്ങുമോ അതോ ജലപാത കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Insurance coverage worth Rs 3.7 lakh crore; America's huge package to open the Strait of Hormuz
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




