ഇൻസ്റ്റഗ്രാമിൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് ഉണ്ടാക്കാൻ പ്ലാനുണ്ടെങ്കിൽ ഇനി അത് വേണ്ട. എട്ടിന്റെ പണിതരാൻ തീരുമാനിച്ചിരിക്കുകയാണ് മെറ്റ. ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ.
ഇൻസ്റ്റഗ്രാമിലെ ഏതെങ്കിലും ഉപയോക്താവ് തൻറെ പ്രായം 18 വയസിനു മുകളിലാണെന്ന് പറഞ്ഞാൽ, അവരെ നിരീക്ഷിക്കുകയും പ്രായം കൃത്യമാണോ എന്ന എഐ ഉപയോഗിച്ച് ഉറപ്പുവരുത്തുകയുമാണ് ചെയ്യുക. ഉപയോക്താവിൻറെ ഫോട്ടോ, മുഖത്തിൻറെ സവിശേഷതകൾ, ആക്ടിവിറ്റി, ആപ്പിൽ ചെലവഴിച്ച സമയം എന്നിവ നോക്കിയാണ് എഐ അയാളുടെ പ്രായം കണക്കാക്കുന്നത്. ആരുടെയെങ്കിലും പ്രായത്തിൽ ഇൻസ്റ്റഗ്രാമിന് സംശയം തോന്നിയാൽ ഉപയോക്താവിൻറെ ഫേസ് സ്‍കാൻ അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന ഏതെങ്കിലും സർക്കാർ തെളിവ് ആവശ്യപ്പെടും. ഉപയോക്താവിൻറെ യഥാർഥ പ്രായം 18 വയസിന് താഴെയാണെന്ന് രേഖ കാണിക്കുകയാണെങ്കിൽ, അവരുടെ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ടീനേജ് അക്കൗണ്ടായി മാറും.
എന്താണ് ടീനേജ് അക്കൗണ്ട്?
16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീൻ അക്കൗണ്ടുകൾ. കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിക്കുന്നത്. ഇൻസ്റ്റയിലെ കൗമാരക്കാരുടെ അക്കൗണ്ട് പൂർണ്ണമായും സ്വകാര്യമാണ്. അതായത് ഉപയോക്താവിൻറെ പ്രൊഫൈൽ, ഫോട്ടോകൾ, പോസ്റ്റുകൾ എന്നിവ അയാൾക്ക് അറിയാവുന്ന അല്ലെങ്കിൽ അയാൾ പിന്തുടരുന്ന ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അജ്ഞാതരായ ആർക്കും കൗമാരക്കാർക്ക് ഒരു സന്ദേശവും അയയ്ക്കാൻ കഴിയില്ല.
സെൻസിറ്റീവ് ഉള്ളടക്കത്തിൽ നിന്ന് അത്തരം അക്കൗണ്ടുകളെ ഇൻസ്റ്റഗ്രാം അകറ്റി നിർത്തുന്നു. വഴക്കുകൾ, വിദ്വേഷ പ്രസംഗം, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും പോസ്റ്റുകളും വളരെ കുറച്ച് മാത്രമേ കാണിക്കൂകയുള്ളൂ.
ഒരോ ദിവസവും ഒരു മണിക്കൂർ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിർത്താനുള്ള നോട്ടിഫിക്കേഷൻ പ്രദർശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.



