കാൽഗറി: ആൽബർട്ടിയിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രവിശ്യയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. വിവിയൻ സട്ടോർപ്പ് ചൊവ്വാഴ്ച നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കും. രാവിലെ 11:30-ന് കാല്ഗറിയിലെ മക്ഡൂഗൽ സെന്ററിൽ വെച്ചാണ് ഔദ്യോഗിക വാർത്താസമ്മേളനം നടക്കുക. ശ്വാസകോശ സംബന്ധമായ വൈറസ് വ്യാപനത്തിന്റെ നിലവിലെ അവസ്ഥയും വരും ആഴ്ചകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ഡോ. സട്ടോർപ്പ് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.
ഓഗസ്റ്റിൽ ആരംഭിച്ച ഇൻഫ്ലുവൻസ സീസണിൽ ഇതുവരെ പ്രവിശ്യയിൽ 13,150 കേസുകൾ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണിത്. ഈ സീസണിൽ ഇതുവരെ 3,000-ത്തിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധയെത്തുടർന്ന് 133 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഒരു വർഷക്കാലം ആകെ റിപ്പോർട്ട് ചെയ്ത ആശുപത്രി കേസുകൾ 3,700 ആയിരുന്നു എന്നതും നിലവിലെ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
ഡിസംബർ അവസാന വാരത്തിൽ ഇൻഫ്ലുവൻസ എ കേസുകൾ വലിയതോതിൽ വർധിക്കുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ അസ്വാഭാവികമായ വർധനവുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ വാക്സിനേഷൻ സ്വീകരിക്കണമെന്ന് ഡോ. വിവിയൻ സട്ടോർപ്പ് നേരത്തെ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും, രോഗികളുടെ ആധിക്യം എമർജൻസി വിഭാഗങ്ങളുടെ പ്രവർത്തനത്തെ ഇപ്പോഴും സാരമായി ബാധിക്കുന്നുണ്ട്.
ആശുപത്രികളിലെ തിരക്കും നീണ്ട കാത്തിരിപ്പ് സമയവും പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പിയും ഡോക്ടർമാരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ മറ്റ് ചില പ്രവിശ്യകളിൽ ഇൻഫ്ലുവൻസ വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും ആൽബർട്ടിയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വൈറസ് വ്യാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Influenza grips Alberta; Chief Medical Officer to hold press conference today to explain situation*



