കാനഡയുടെ മൊത്തം പണപ്പെരുപ്പ നിരക്ക് 2.3% ൽ നിന്ന് 1.7% ആയി കുറഞ്ഞതായി ഇന്നലെ പുറത്തു വന്നിരുന്നു. ആൽബർട്ട പ്രവിശ്യയിൽ ഇത് 2% ൽ നിന്ന് 1.5% ആയി കുറയുകയും ചെയ്തിരുന്നു. ഇന്ധന വില കുറയുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ വർഷത്തേക്കാൾ ഇന്ധന വില 18.1% കുറഞ്ഞിട്ടുണ്ട്. ഫെഡറൽ സർക്കാർ കാർബൺ നികുതി എടുത്തുകളഞ്ഞതും ഇതിന് സഹായകമായി. പ്രകൃതിവാതക വിലയും 14.1% കുറവാണ്.
എങ്കിലും, ഊർജ്ജ വിലകൾ ഒഴിച്ചുകൂടിയാൽ, പണപ്പെരുപ്പം ഇപ്പോഴും 3% വരെയുണ്ട്. അതായത് ജീവിതച്ചെലവുകൾ കുറയുന്നതായി പറയാൻ കഴിയില്ല. പലചരക്കുകൾക്കും വില ഉയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്ക്, പ്രത്യേകിച്ച് ബീഫ്, കോഫി എന്നിവയ്ക്ക് വില കൂട്ടിയിട്ടുണ്ട്. അലുമിനിയം താരിഫ് കാരണം ക്യാൻ ചെയ്ത ഉൽപ്പന്നങ്ങൾക്കുമായുള്ള വില ഉയരും എന്നാണ് കരുതുന്നത്.
കാനഡ ബാങ്കിന്റെ പലിശ നിരക്ക് നിലവിലെ 2.75% ൽ നിന്നും വർഷാവസാനത്തോടെ 2% ആയി കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ജൂൺ 4 ന് പലിശ നിരക്ക് കുറയ്ക്കുമോ എന്നത് അനിശ്ചിതമായി തുടരുന്നു. ഭക്ഷണ ചെലവുകൾ കുറയ്ക്കാൻ എളുപ്പമായി കിട്ടുന്ന സാധനങ്ങൾ വാങ്ങുകയും, ഓഫറുകളുള്ള സ്ഥലങ്ങളിൽ നിന്നു സാധനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു.



