ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും പിന്നാലെ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) പീറ്റർ എൽബേഴ്‌സ് രാജിവച്ചു. 2025 ഡിസംബർ മാസത്തിലുണ്ടായ പ്രവർത്തന തടസ്സങ്ങളും മാനേജ്‌മെന്റ് തലത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ശക്തമായ നടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത രാജി. പീറ്റർ എൽബേഴ്‌സിന് പകരം ഇൻഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ സിഇഒയുടെ താൽക്കാലിക ചുമതല വഹിക്കും.
2025 ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസങ്ങളിലായി 2,507 വിമാന സർവീസുകളാണ് ഇൻഡിഗോയ്ക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് പതിനായിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കുകയും വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയോഗിച്ച നാലംഗ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നുണ്ട്. കൃത്യമായ തയാറെടുപ്പുകളുടെ കുറവ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ പോരായ്മകൾ, മാനേജ്‌മെന്റ് ഘടനയിലെ പാളിച്ചകൾ എന്നിവയാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിൽ ബിരുദവും എംബിഎയും നേടിയ പീറ്റർ എൽബേഴ്‌സ്, 1992-ൽ വിമാന ലോഡിങ് സൂപ്പർവൈസറായി കെഎൽഎമ്മിൽ (KLM) കരിയർ ആരംഭിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ നെതർലാൻഡ്‌സ്, ജപ്പാൻ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2022 വരെ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ സിഇഒ ആയിരുന്ന അദ്ദേഹം, 2022 സെപ്റ്റംബറിലാണ് റോണോജോയ് ദത്തയ്ക്ക് പകരക്കാരനായി ഇൻഡിഗോയുടെ അമരത്തെത്തിയത്. എന്നാൽ, ഇന്ത്യൻ ആഭ്യന്തര വിമാന വിപണിയിലെ പ്രവർത്തന വെല്ലുവിളികളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നേരിട്ട തിരിച്ചടിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പടിയിറക്കത്തിന് കാരണമായിരിക്കുന്നത്.
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴയും നേതൃമാറ്റവും നേരിടുന്ന ഈ ഘട്ടത്തിൽ, താൽക്കാലിക സിഇഒ ആയി ചുമതലയേൽക്കുന്ന രാഹുൽ ഭാട്ടിയയ്ക്ക് മുന്നിൽ വലിയ വെല്ലുവിളികളാണുള്ളത്. തകർന്നടിഞ്ഞ പ്രവർത്തന സംവിധാനങ്ങൾ പുനഃക്രമീകരിക്കുക എന്നതിനൊപ്പം തന്നെ, നഷ്ടപ്പെട്ട യാത്രക്കാരുടെ വിശ്വാസം വീണ്ടെടുക്കുക എന്നതും കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indigo CEO Pieter Elbers Resigned



