ഇസ്രായേലിൽ രണ്ട് ഇന്ത്യൻ യുവാക്കൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നതായി റിപ്പോർട്ട്. ടെൽ അവീവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ആഷ്കെലോൺ നഗരത്തിലാണ് സംഭവം. ഇന്ത്യൻ യുവാക്കൾ നടപ്പാതയിലൂടെ നടന്നുപോകുമ്പോൾ ഒരു സംഘം പിന്തുടരുകയും തുടർന്ന് പൊതു പാർക്കിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേലി ബ്രോഡ്കാസ്റ്ററായ കെ.എ.എൻ (KAN) പുറത്തുവിട്ടു. വംശീയമായ ചേരിതിരിവാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് വികസനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സംഭവം നടന്നതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ഇസ്രായേൽ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വിഷയത്തിൽ ഇന്ത്യൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിഷയം പരിശോധിക്കണമെന്നും ആക്രമിക്കപ്പെട്ട യുവാക്കളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. ഇസ്രായേലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന പശ്ചാത്തലത്തിൽ, എംബസി ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian youths brutally beaten in a park in Israel; racially attacked



