വാഷിങ്ടൺ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിനോദങ്ങൾ പലപ്പോഴും അതിരുവിടുന്നത് പതിവാകുകയാണ്. എന്നാൽ അമേരിക്കയിലെ അതീവ പവിത്രമെന്ന് കരുതപ്പെടുന്ന ദേശീയ യുദ്ധസ്മാരകത്തിന് മുന്നിൽ റീൽസ് ചിത്രീകരിച്ച ഇന്ത്യൻ യുവാവിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എട്ടിന്റെ പണിയാണ്. വാഷിങ്ടണിലെ നാഷണൽ മാളിലുള്ള രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത മധു രാജു എന്ന യുവാവാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്. സംഭവത്തിൽ യുഎസ് ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ഊർജിതമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 1.6 കോടി സൈനികരുടെയും വീരമൃത്യു വരിച്ച നാല് ലക്ഷത്തോളം പേരുടെയും സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ ചരിത്രസ്മാരകം. അമേരിക്കക്കാർ ഏറെ ആദരവോടെ കാണുന്ന ഈ പവിത്രഭൂമിയിൽ വെച്ച് മധു രാജുവും ഒരു യുവതിയും ചേർന്ന് നൃത്തം ചെയ്യുകയും അത് ടിക്‌ടോക്കിൽ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ പ്രചരിച്ചതോടെ വിമുക്തഭടന്മാരും പ്രാദേശിക സമൂഹവും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
യുവാവിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് യുഎസ് അധികൃതരുടെ നീക്കം. മധു രാജുവിന്റെ വിസ സംബന്ധിച്ച വിവരങ്ങൾ ഇമിഗ്രേഷൻ വിഭാഗം നിലവിൽ പരിശോധിച്ചുവരികയാണ്. ഇയാൾ വിനോദസഞ്ചാര വിസയിലാണോ അതോ തൊഴിൽ വിസയിലാണോ രാജ്യത്ത് കഴിയുന്നതെന്ന് വ്യക്തമായ ശേഷം തുടർനടപടികളുണ്ടാകും. വിസ നിയമങ്ങളുടെ ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ ഉടൻ തന്നെ നാടുകടത്തൽ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ സൂചന നൽകി.
സ്മാരകങ്ങളിലെ അച്ചടക്കം ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമായാണ് അമേരിക്കൻ നിയമം കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യക്കാർക്ക് വലിയ രീതിയിലുള്ള അപമാനമാണ് ഇത്തരം പ്രവൃത്തികൾ വരുത്തിവെക്കുന്നത്. വിദേശരാജ്യങ്ങളിലെ പൊതുസ്ഥലങ്ങളിലും ചരിത്ര സ്മാരകങ്ങളിലും പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ ലംഘിക്കുന്നത് വരുംദിവസങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായേക്കാം. വൈറലാകാൻ വേണ്ടി നടത്തിയ ഒരു നിമിഷത്തെ സാഹസം മധു രാജുവിന്റെ അമേരിക്കൻ ജീവിതത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
indian-youth-madhu-raju-facing-deportation-threat-over-reels-at-us-war-memorial
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



