വിദേശത്തെ പഠനകാലത്തെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ഒടുവിൽ ബിരുദമെടുക്കാൻ സ്റ്റേജിലേക്ക് കയറുമ്പോൾ ആരും ഒന്ന് വികാരാധീനരാകും. എന്നാൽ കാനഡയിലെ ഒരു സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ (Convocation) വികാരനിർഭരമായ നിമിഷങ്ങളെക്കാൾ ചിരിയും കൈയടിയും നേടിയത് ഒരു ഇന്ത്യൻ അമ്മയുടെ ആവേശമാണ്. തന്റെ മകൾ ബിരുദം സ്വീകരിക്കാൻ സ്റ്റേജിലെത്തിയപ്പോൾ സദസ്സിലിരുന്ന് ‘ബല്ലെ ബല്ലെ’ സ്റ്റെപ്പ് ഇടാൻ ആവശ്യപ്പെട്ട അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഗുർസെഹജ് കൗർ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ മനോഹര നിമിഷം പങ്കുവെച്ചത്. കറുത്ത ഗൗണും തൊപ്പിയുമണിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേജിലൂടെ നടക്കുമ്പോഴാണ് സദസ്സിൽ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി വരുന്നത്. പഞ്ചാബി ശൈലിയിൽ “ഡു ഇറ്റ് ബല്ലെ ബല്ലെ” (Do it balle balle) എന്ന് അമ്മ വിളിച്ചുപറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പിന്നാലെ മകളോടുള്ള സ്നേഹപ്രകടനമായി “ഐ ലവ് യു” എന്നും അമ്മ വിളിച്ചുപറയുന്നുണ്ട്. ഗൗരവമേറിയ ചടങ്ങിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം സദസ്സിലുടനീളം ചിരി പടർത്തി.
2020-ൽ 18-ാം വയസ്സിൽ കാനഡയിലേക്ക് കുടിയേറിയ ഗുർസെഹജിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. വിദേശത്തെ ഒറ്റപ്പെട്ട ജീവിതവും കഠിനാധ്വാനവും നിറഞ്ഞ ആ നാളുകൾക്ക് ഒടുവിൽ ലഭിച്ച ഈ നേട്ടം അമ്മയുടെ സാന്നിധ്യം കൊണ്ട് ഇരട്ടി മധുരമുള്ളതായി മാറിയെന്ന് ഗുർസെഹജ് കുറിച്ചു. “എല്ലാ പാഠങ്ങളും എല്ലാ പോരാട്ടങ്ങളും എന്നെ രൂപപ്പെടുത്തി. ഈ നിമിഷത്തിന് വേണ്ടി അതെല്ലാം മൂല്യമുള്ളതായിരുന്നു,” എന്ന് താരം വീഡിയോയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അമ്മയെയും മകളെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. “ജീവിതം വളരെ ചെറുതാണ്, ഇത്തരം തമാശ നിറഞ്ഞ നിമിഷങ്ങൾ ആഘോഷിക്കണം”, “ഇതുപോലൊരു അമ്മയെ കിട്ടിയത് ഭാഗ്യമാണ്” എന്നിങ്ങനെ പോകുന്നു കമന്റുകൾ. പല വിദ്യാർത്ഥികളും തങ്ങളുടെ ബിരുദദാന ചടങ്ങിലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian woman’s convocation in Canada turns viral as desi mother urges her to dance



