ന്യൂയോർക്ക്: അമേരിക്കയിലെ മേരിലാൻഡിൽ കഴിഞ്ഞയാഴ്ച കാണാതായ 27 വയസ്സുകാരി നികിത ഗോദിശാലയെ മുൻ ആൺസുഹൃത്തിന്റെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിനാണ് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊളംബിയയിലുള്ള മുൻ സുഹൃത്ത് അർജുൻ ശർമയുടെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 31-ന് വൈകിട്ടോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. പ്രതിയായ അർജുൻ ശർമ സംഭവദിവസം തന്നെ ഇന്ത്യയിലേക്ക് കടന്നതായാണ് സൂചന. ഇയാൾക്കായി പോലീസ് നിലവിൽ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രണയപ്പകയല്ല, മറിച്ച് സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് നികിതയുടെ പിതാവ് ആനന്ദ് ഗോഡിഷാല ആരോപിച്ചു. മുൻപ് ഒന്നിച്ച് താമസിച്ചിരുന്ന കാലത്ത് അർജുൻ തന്റെ മകളിൽ നിന്നും മറ്റു പലരിൽ നിന്നും വൻതുക കടം വാങ്ങിയിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതറിഞ്ഞ് നൽകാനുള്ള പണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പിതാവ് പറയുന്നു. ഡിസംബർ 31-ന് വീട്ടുകാരെ വിളിച്ച് പുതുവത്സര ആശംസകൾ നേർന്നതാണ് നികിതയുടെ അവസാനത്തെ സംഭാഷണം.
മകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പിതാവ് അഭ്യർത്ഥിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാണിച്ച് നികിതയുടെ ബന്ധുക്കൾ യുഎസിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian woman stabbed to death in US



