മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും തേടിയാണ് പലരും നാടും വീടും വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാൽ കാനഡ പോലുള്ള ചില രാജ്യങ്ങളിൽ ജോലിക്കായുള്ള അലച്ചിലും നെട്ടോട്ടവും അത്ര എളുപ്പമല്ലെന്ന് പറയുകയാണ് ഒരു ഇന്ത്യൻ വനിത. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ യുവതി ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്. @kanutalescanada എന്ന ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ ജോലിക്കായി ക്യൂ നിക്കുന്നവരുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കാനഡയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ നന്നായി ആലോചിച്ച് വേണം കാര്യങ്ങൾ ചെയ്യാനെന്ന ഉപദേശവും അവർ നൽകുന്നു.
‘ഹായ് ഫ്രണ്ട്സ്, കാനഡയിലെത്തിയാൽ എല്ലാവർക്കും അടിപൊളി ജോലിയും ഉയർന്ന ശമ്പളവും ലഭിക്കുമെന്നാണോ നിങ്ങളുടെ ചിന്ത. എന്നാൽ അത് പൂർണമായും ശരിയല്ല. ഇന്ത്യൻ സുഹൃത്തുക്കൾക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം. അഞ്ചോ ആറോ പേരുടെ ഒഴിവ് നികത്താൻ നടത്തുന്ന തൊഴിൽ മേളയ്ക്കെത്തിയ ആളുകളാണ് വീഡിയോയിലുള്ളത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂവാണ് റീൽസിലുള്ളത്. കാനഡിയിലെ യാഥാർത്ഥ്യം ഈ കാണുന്ന നീണ്ട ക്യൂ ആണ്. കഷ്ടപ്പെടാൻ പറ്റുമെങ്കിൽ മാത്രം കാനഡയിൽ വരൂ. അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ തുടരുന്നതാണ് നല്ലത്. ‘- യുവതി വിഡിയോയിൽ പറയുന്നു.


