ദുബായ് ∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന എയർഷോയിൽ, വ്യോമാഭ്യാസ പ്രകടനത്തിനിടെ പ്രാദേശിക സമയം ഏകദേശം 2:10-ഓടെയാണ് സംഭവം. അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും വൻ തീഗോളമായി മാറുകയും ചെയ്തു. തകർന്ന വിമാനത്തിൽ നിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കാണികളെ ഭീതിയിലാഴ്ത്തി.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. വിമാനം രണ്ടു ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തെ തുടർന്ന് ദുബൈ എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയർഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ഡെവലപ്പ്മെൻറ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബർ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Tejas fighter jet has crashed during a display at the Dubai Air Show



