എഡ്മന്റൺ: ആൽബർട്ട ഹൈവേയിൽ പിക്കപ്പ് ട്രക്കിലെത്തിയ സംഘം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി ബിരിന്ദർ സിംഗ് (22) കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ എഡ്മന്റൺ നഗരത്തിന് തെക്കുഭാഗത്തുള്ള ലെഡ്യൂക്കിന് സമീപമാണ് ബിരിന്ദർ സിംഗിന് നേരെ ആക്രമണമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം റോക്കി മലനിരകൾ സന്ദർശിക്കാൻ പോകവെയാണ് ഗ്രേ പിക്കപ്പ് ട്രക്കിൽ നിന്ന് വെടിയുതിർത്തതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സ്ഥിരീകരിച്ചു.
മൂന്ന് വർഷം മുമ്പ് ഇന്ത്യയിൽ നിന്നെത്തിയ ബിരിന്ദർ സിംഗ്, ഒന്റാരിയോയിൽ നിന്ന് ബിസിനസ് പഠനം പൂർത്തിയാക്കി മാസങ്ങൾക്കു മുമ്പാണ് ആൽബർട്ടയിലേക്ക് മാറിയത്. സംഭവസമയത്ത് ബിരിന്ദർ ഓടിച്ചിരുന്ന ഹോണ്ട സിവിക് കാറിനടുത്തേക്ക് എത്തിയ ഫോർഡ് എഫ്-150 ട്രക്കിലുണ്ടായിരുന്നവർ കൈവീശി കാണിക്കുകയും പിന്നാലെ വെടിവെക്കുകയുമായിരുന്നു. കഴുത്തിന് വെടിയേറ്റ സിംഗിനെ ഉടൻ തന്നെ പാരാമെഡിക്കൽ സംഘം ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിനുള്ളിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു വിദ്വേഷ കുറ്റകൃത്യമാണോ എന്ന കാര്യത്തിൽ വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകി. സിംഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും സംശയിക്കുന്ന വാഹനം പോലീസ് കണ്ടെടുത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian student shot dead in Alberta; Attack during trip to see Rocky Mountains



