ഡബ്ലിൻ: അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ വിവിധയിടങ്ങളിൽ വെച്ച് സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനവും ലൈംഗികാതിക്രമവും നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയും ലോവർ ഗാർഡിനർ സ്ട്രീറ്റിൽ താമസക്കാരനുമായ റിഷഭ് മഹാജൻ (30) ആണ് കുറ്റസമ്മതം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
അയർലൻഡിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ പ്രതി അതിക്രമങ്ങൾ തുടങ്ങിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. 2024 ഒക്ടോബർ, നവംബർ മാസങ്ങളിലായി മൂന്ന് സ്ത്രീകൾക്ക് നേരെ നാല് തവണ ഇയാൾ അതിക്രമം നടത്തി. ഒക്ടോബർ 23-ന് പുലർച്ചെ നഗരമധ്യത്തിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന യുവതിക്ക് നേരെ ഗ്ലാസ് ഭിത്തിക്ക് പുറത്തുനിന്ന് നഗ്നതാ പ്രദർശനം നടത്തിയാണ് തുടക്കം. വിലക്കിയിട്ടും ചിരിച്ചുകൊണ്ട് പല ദിവസങ്ങളിൽ അവിടെയെത്തി ഇയാൾ സമാനമായ രീതിയിൽ പെരുമാറിയതായും പരാതിയുണ്ട്.
യൂത്ത് ഹോസ്റ്റൽ ജീവനക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും, ഹാലോവീൻ രാത്രിയിൽ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മറ്റൊരു യുവതിയെ പിന്തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതാണ് പ്രതിക്കെതിരെയുള്ള മറ്റ് കുറ്റങ്ങൾ. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ യാതൊരു ഭയവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്നും മുഖം മറയ്ക്കാൻ പോലും ശ്രമിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആദ്യം കുറ്റങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് കോടതിയിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
നിലവിൽ ജാമ്യത്തിൽ കഴിയുന്ന റിഷഭ് മഹാജന്റെ ശിക്ഷാവിധി അടുത്ത വർഷം മെയ് 19-ലേക്ക് കോടതി മാറ്റിവെച്ചു. അതുവരെ ഇയാൾ പ്രൊബേഷൻ സർവീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. പ്രതിയുടെ അഭിഭാഷകൻ ഇരകളോട് കോടതിയിൽ മാപ്പ് അപേക്ഷിച്ചു. പഠനാവശ്യാർത്ഥം വിദേശത്തെത്തി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജഡ്ജി മാർട്ടിന ബാക്സ്റ്റർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian student found guilty of displaying nudity towards women in Ireland



