ഒന്റാറിയോ: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും നിരോധിത ഉൽപ്പന്നങ്ങളും കാനഡയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവറെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തു. അഭിഷേക് എന്നയാളാണ് പിടിയിലായത്. അതിർത്തിയിലെ പരിശോധനകൾ ഒഴിവാക്കി നിയമവിരുദ്ധമായി സാധനങ്ങൾ കടത്താൻ സഹായിച്ച കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥൻ ഡാനിയൽ നോട്ടാറിയാനിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
അമേരിക്കയിൽ നിന്ന് കാനഡയിലേക്കുള്ള പ്രധാന അതിർത്തി കവാടങ്ങളിലൊന്നായ ഒന്റാറിയോയിലെ ക്വീൻസ്റ്റൺ-ലൂയിസ്റ്റൺ പോർട്ടിലാണ് ഈ വൻ ക്രമക്കേട് നടന്നത്. അതിർത്തി ഉദ്യോഗസ്ഥൻ കൃത്യമായ പരിശോധനകളില്ലാതെ ട്രക്ക് കടത്തിവിടുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ട്രക്കിലും ട്രെയിലറിലുമായി നടത്തിയ പരിശോധനയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കഞ്ചാവ് ഉൽപ്പന്നങ്ങൾ, ഓപ്പിയം (കറുപ്പ്), പുകയില ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെടുത്തു.
മയക്കുമരുന്ന് ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, കടത്ത്, കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ കനേഡിയൻ നിയമപ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പുകയില ഉൽപ്പന്നങ്ങളുടെ നിയമവിരുദ്ധ വിൽപനയുമായി ബന്ധപ്പെട്ട കുറ്റങ്ങളും പ്രതികൾ നേരിടുന്നുണ്ട്.
ബോർഡർ ഓഫീസർ നോട്ടാറിയാനിയെ ഈ മാസം ആദ്യം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിഷേക് മാർച്ച് 13-നും നോട്ടാറിയാനി മാർച്ച് 18-നും കോടതിയിൽ ഹാജരായി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ഫെഡറൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin truck driver arrested in Canada after drugs worth millions smuggled into country; border officer also charged



