ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച ആഗോള വിവാദങ്ങളിൽ ഇന്ത്യ നിലപാട് വ്യക്തമാക്കി. എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യവും ഊർജ്ജ സുരക്ഷയും മുൻനിർത്തി മാത്രമായിരിക്കും തീരുമാനിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. വിപണിയിലെ വിലയും ആഗോള സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും ഇറക്കുമതി തീരുമാനിക്കുക. നിലവിൽ പന്ത്രണ്ടിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല.
അതേസമയം, റഷ്യൻ എണ്ണ ഇടപാട് അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ഗുണകരമാകുമെന്നും ഇത് രാജ്യഹിതത്തിന് വിരുദ്ധമല്ലെന്നും മാത്രമാണ് മന്ത്രിയുടെ വിശദീകരണം. അമേരിക്കയിൽ നിന്ന് ഏകദേശം 45.28 ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാനാണ് കരാറെങ്കിലും, ഇത് വാങ്ങുമെന്ന് ഉറപ്പ് നൽകുന്ന രേഖയല്ലെന്നും കേവലം താൽപ്പര്യ പത്രം മാത്രമാണെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വാദം.
വിഷയത്തിൽ സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ട്രംപിന്റെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയോ എന്നും റഷ്യയുമായുള്ള എണ്ണക്കരാർ അവസാനിപ്പിച്ചോ എന്നും സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇതിനിടെ, ഇന്ത്യൻ പൊതുമേഖലാ കമ്പനികളും റിലയൻസും ഏപ്രിൽ മുതൽ റഷ്യൻ എണ്ണയ്ക്കുള്ള പുതിയ കരാറുകൾ നൽകുന്നില്ലെന്ന റോയിറ്റേഴ്സ് റിപ്പോർട്ടും പുറത്തുവന്നു. മാർച്ചിൽ നിലവിലെ കരാർ അവസാനിക്കുന്നതോടെ റഷ്യയിൽ നിന്നുള്ള എണ്ണ വരവ് കുറഞ്ഞേക്കുമെന്നാണ് സൂചന. എന്നാൽ ഈ റിപ്പോർട്ടുകളോട് എണ്ണക്കമ്പനികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Did india reject Russian oil? Did you give in to Trump's pressure? Indian Ministry of External Affairs responds



