ടൊറന്റോ: ടൊറന്റോയിൽ കർണാടക സ്വദേശിയായ യുവാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. ബെംഗളൂരു നെലമംഗല സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദകുമാർ (30) ആണ് കൊല്ലപ്പെട്ടത്. ടൊറന്റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ് സെന്ററിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ ഇരിക്കുമ്പോഴാണ് ചന്ദന് നേരെ ആക്രമണമുണ്ടായത്. ഉച്ചതിരിഞ്ഞ് 3:30-ഓടെ നടന്ന വെടിവെപ്പിന് ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ചന്ദനെ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം പൊതുജനങ്ങൾക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്ന് ടിപിഎസ് ഇൻസ്പെക്ടർ എറോൾ വാട്സൺ പറഞ്ഞു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടൊറന്റോയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങളാകാം കൊലപാതകത്തിന് കാരണമെന്ന് ചില ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ഒരു കാരണം സൂചിപ്പിച്ചിട്ടില്ല. കന്നഡ സിനിമകളും കലകളും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു.
ആറ് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ ചന്ദൻ, ഐടി കമ്പനിയായ എൽ.ടി.ഐ മൈൻഡ് ട്രീയിൽ ഉദ്യോഗസ്ഥനായിരുന്നു. വരാനിരിക്കുന്ന വേനൽക്കാലത്ത് നാട്ടിലെത്തി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. സംസ്ഥാന പൊലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എംപി ഡോ.കെ.സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Indian Killed in Toronto Shooting; Incident Linked to Kannada Association Formation Effort



