സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. ഇന്നലെ വൈകുന്നേരം അൽ ഖർജിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ലെന്നും, പ്രചരിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും എംബസി വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
എംബസി കൗൺസിലർ വൈ. സാബിർ നേരിട്ട് അൽ ഖർജ് സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ പൗരനെ കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിൽ പതിച്ച സൈനിക പ്രൊജക്റ്റൈൽ മൂലം ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എംബസിയുടെ പുതിയ വിശദീകരണത്തോടെ ഇന്ത്യൻ പൗരന്റെ മരണത്തെ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമായി. വിഷയത്തിൽ സൗദി അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി പ്രസ്താവനയിൽ കൂട്ടിചേർത്തു.
അതേസമയം, സൗദിയുടെ വിവിധ ഭാഗങ്ങളിലും അയൽരാജ്യങ്ങളിലും ആക്രമണ ശ്രമങ്ങൾ തുടരുകയാണ്. അൽ ഷൈബ എണ്ണപ്പാടത്തിന് നേരെയും പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയും നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ സൗദി പ്രതിരോധ സേന തകർത്തു. ബഹ്‌റൈനിലെ സിത്രയിൽ വീടുകൾ തകരുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൈനീസ് പ്രതിനിധി സംഘം ജിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Embassy in Riyadh denies reports of Indian death in Saudi Arabia; injured person undergoing treatment



