ഒന്റാരിയോയിലെ പീറ്റർബറോയിൽ വെച്ച് ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ 18-കാരനായ കനേഡിയൻ യുവാവ് അറസ്റ്റിൽ. ജൂലൈ 29-നാണ് ലാൻസ്‌ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം കനേഡിയൻ യുവാക്കൾ ഇന്ത്യൻ ദമ്പതികളെ അധിക്ഷേപിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഒരു ട്രക്കിനുള്ളിൽ ഇരിക്കുന്ന മൂന്ന് യുവാക്കൾ ദമ്പതികൾക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നടത്തുന്നത് കാണാം. ഇന്ത്യൻ യുവാവ് ട്രക്കിന്റെ നമ്പർ പ്ലേറ്റ് പകർത്താൻ ശ്രമിച്ചപ്പോൾ, യുവാക്കളിലൊരാൾ ‘നിന്നെ ഞാൻ കൊല്ലണോ?’ എന്ന് ഭീഷണിപ്പെടുത്തുന്നു. ഇതേ സമയം, മറ്റൊരാൾ ഇന്ത്യൻ യുവാവിനെ ‘വലിയ മൂക്കുള്ളവൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ട്രക്കിൽ നിന്ന് പുറത്തിറങ്ങി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നു. സംഭവം വംശീയാധിക്ഷേപമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 9) കവാർത്താ ലേക്ക്‌സിൽ നിന്നുള്ള 18-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിന് (Hate Crime) കേസെടുത്തു. നിലവിൽ ജാമ്യത്തിൽ വിട്ടയച്ച പ്രതി സെപ്റ്റംബർ 16-ന് കോടതിയിൽ ഹാജരാകണം. കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക നിയമമില്ലെങ്കിലും, ഈ കേസിൽ വംശീയ വിദ്വേഷത്തിൻ്റെ ഘടകങ്ങൾ ഉണ്ടെന്നും കോടതി നടപടികളിൽ ഇത് പരിഗണിക്കുമെന്നും പീറ്റർബറോ പോലീസ് അറിയിച്ചു. “ഇത്തരം പെരുമാറ്റങ്ങൾ ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകിയ എല്ലാവർക്കും നന്ദി. നമ്മുടെ നഗരം എല്ലാവർക്കും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പീറ്റർബറോ പോലീസ് മേധാവി സ്റ്റുവർട്ട് ബെറ്റ്സ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
Indian couple harassed in Canada; one youth arrested



